പച്ചമഷിയുളള പേനയുണ്ട്....
അകത്തുളളസാറിന്റെ കൈയില്‍
രക്തച്ചുവപ്പ് നിറമാണതിനെങ്കിലും.....!
ഒന്നറ്റസ്റ്റു ചെയ്യുവാനായി വന്നതാണ്
എത്രനേരമായീ ഞാനീ വാതിലിനു മുന്നില്‍
വന്നു മുട്ടി നില്ക്കുന്നു.....
ഒത്തു നോക്കിയിട്ടീ സര്‍ട്ടിഫിക്കറ്റില്‍
വെറുമൊരൊപ്പ് ചാര്‍ത്തിക്കിട്ടിയാല്‍ മതി
കൊച്ചിന്റെ അഡ്മിഷനാണിന്ന്
ഉച്ചയ്ക്കു തന്നെ കൊടുക്കണം....
ദുഷ്ടനെന്നെ നോക്കുന്നതു പോലുമില്ല....
ഫയല്‍ക്കെട്ടുകള്‍ക്കിടയില്‍
തല കുമ്പിട്ടിരിക്കയാണ്.....
മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിലെന്തോ
ചിക്കി ചികയുന്നുമുണ്ട്....
ഇടയ്ക്കിടെ ചിലയ്ക്കുന്നുണ്ട് ഫോണ്‍
അതിലൂടെ ഇടതടവില്ലാതെ
വര്‍ത്തമാനവുമുയരുന്നുണ്ട്
മേശപ്പുറത്ത് പേടിച്ചരണ്ട്
വിമ്മിപ്പൊട്ടിയിരിപ്പുണ്ട് ബെല്ലൊരെണ്ണം
അടികൊണ്ട് പിടഞ്ഞതിടയ്ക്ക്
നിലവിളിക്കുന്നുമുണ്ട്.....
വിറച്ചു വിറച്ചു ചിലര്‍ മുറിയിലെത്തി
പതര്‍ച്ചയോടെ പോകുന്നു..
വെട്ടിനിരത്തുന്നുണ്ടാ ദുഷ്ടന്‍
പേപ്പറിലെന്തോ കാര്യമായി...
പച്ചില പാമ്പ് പടം കൊഴിച്ചപോല്‍
ഇടയ്ക്ക് മാത്രമാ പേനയില്‍ നിന്ന്
ഒപ്പും ചുരുള്‍ നിവരുന്നുണ്ട്....
അതിലൊരെണ്ണമീ കടലാസില്‍....
ഇത്തിരികൂടി അകത്തേക്കു
നീങ്ങി നിന്നു ഞാന്‍
കൊക്കിനെ പോലെ തലകുമ്പിട്ട്
തപസ്സു ചെയ്യാന്‍ തുടങ്ങവേ....
ആ കശ്മലനെനിക്കു നേരെ കയര്‍ക്കുന്നു
പൊട്ടിത്തെറിച്ച വാക്കുകള്‍
ചുറ്റിലും ചിതറുന്നു....
ഒട്ടും സമയമില്ലപോലും.....
ഒത്തിരിപേര്‍ വേറെയുമുണ്ടത്രെ
അങ്ങോട്ട് ചെല്ലുവാന്‍...
അറ്റസ്റ്റ് ചെയ്യലല്ലത്രേ പണി
ഉച്ചകഴിഞ്ഞെങ്ങാനും കൊണ്ടു
ചെന്നാല്‍ നോക്കാമെന്ന് പോലും....
ഉത്തരംമുട്ടി ഇളഭ്യനായി
ഞാന്‍ നില്ക്കെ......
ഉത്തരത്തിന്നുതാഴെ ചുമരില്‍ കണ്ടു
ആ മൊട്ടത്തലയനപ്പൂപ്പന്റെ
വടിയും കുത്തിപ്പിടിച്ചു നില്ക്കുന്ന
ചില്ലിട്ട ചിത്രം.......!
നുരഞ്ഞുപൊന്തുന്ന അമര്‍ഷം
ഉള്ളിലൊതുക്കി ഞാന്‍ ചോദിക്കട്ടെ
ഇട്ടു കൊടുത്തുകൂടെ ആ വടികൊണ്ട്
മുന്നിലിരിക്കുന്നവന്റെ തലമണ്ടയ്ക്കിട്ടൊരു
കിഴുക്ക്....!!