ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂൺ 14, വെള്ളിയാഴ്‌ച

ഒറ്റയ്ക്ക് ഒരു മടക്കയാത്ര..........



എന്നെത്തേയും പോലെയിന്നും
അച്ഛനെന്നെ വിളിക്കാന്‍ വരുമോ....?
സ്കൂളു വിട്ടതിന്‍ മണി മുഴങ്ങുന്നു..
ഒച്ച ബഹളങ്ങള്‍ക്കിടയില്‍ മുങ്ങി
കൊച്ചുകണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ
പുറത്തേക്കെറിഞ്ഞ് ഉണ്ണിയിരിക്കുന്നു....

മഞ്ഞവെയിലിനൊപ്പം മഞ്ഞു തൂവല്‍ പോലെ
മഴപെയ്തിറങ്ങുന്നു....
പുളളിക്കുട നിവര്‍ത്തി
ആരോ വരുന്നുണ്ടല്ലോ....?
അല്പം കുനിഞ്ഞ ശിരസ്സുമായി
അച്ഛനല്ല...അച്ഛനെപ്പോലൊരാള്‍
വന്ന് കുട്ടികളുമായിപ്പോകുന്നു.

അച്ഛനിനി ഉണ്ണിതന്‍ കൊച്ചു
കൈവരല്‍ പിടിക്കാന്‍ വരില്ലന്ന്
നിശ്ചയമുണ്ടെങ്കിലും വെറുതെ
ഉണ്ണി നോക്കിയിരിക്കുകയാണ്..

ഒത്തിരി മുത്തം നല്കിയോരാ
ചുണ്ടില്‍  വെളളമിറ്റിച്ചുണ്ണിയും
വെച്ചു കൊടുത്തിരുന്നല്ലോ
എള്ളും പൂവും.....
വെള്ള പുതച്ചച്ഛനെ തെക്കിനി
പറമ്പില്‍ കൊണ്ടുപോയി
വെട്ടിപ്പിളര്‍ന്നിട്ട കൊച്ചുമൂവാണ്ടന്‍
മാവിന്റെ ചില്ലകളടുക്കി
ചുട്ടെരിച്ചതും.......
പുത്തനേതോ കാഴ്ച കണ്ടതുപോലെ
ഉണ്ണിയും നോക്കിനിന്നതാണല്ലോ...
എത്ര ദിനരാത്രങ്ങള്‍ പറ്റിച്ചേര്‍ന്നു
കിടന്ന ആ നെഞ്ചിന്‍ കൂടാണ്
ഉണ്ണി കാണെ കാണെ കത്തിയരിഞ്ഞത്
അന്നതില്‍ പിന്നെയുമെത്ര ദിനരാത്രങ്ങള്‍
ഒട്ടു മോര്‍ക്കുവാനിഷ്ടമില്ലാതെ
ശുഷ്കിച്ചുണങ്ങി കടന്നു പോയി....
മച്ചിന്റെ കീഴെ കറങ്ങുന്നുണ്ടിപ്പഴും
അച്ഛന്‍ ജീവനെ പറത്തിവിട്ടോരാ
ഫാന്‍.....!

കണ്ണൊന്നടച്ചാലോ മുന്നില്‍ വന്നു
നൃത്തം ചെയ്യുന്നതാ അഗ്നിച്ചിറകുകള്‍....
പെയ്ത് കൊതി തീരാത്തമഴപോലെ
അമ്മയിപ്പോഴും ഇടയ്ക്കിടെ
വിങ്ങുവാറുണ്ട്.......

ഒക്കെ കഴിഞ്ഞുപോയില്ലേ.....
ഇന്നറേ നാളുകള്‍ക്കു ശേഷം
പണ്ടു വന്നുകയറിയതേ പരിഭ്രമത്തില്‍
ഉണ്ണി വീണ്ടും സ്കൂളില്‍ വന്നതാണ്
അമ്മയുമിന്നാദ്യമായി ദൂരെ
ദിക്കിലേതോ ജോലിക്കു പോകുന്നുണ്ട്
വരുവാനേറെ വൈകുമെന്ന്
അമ്മ പറഞ്ഞിരുന്നതാണല്ലോ...
പോകുവാനിറങ്ങും നേരം
മാറോട് ചേര്‍ത്തു നിര്‍ത്തി
നെറ്റിത്തടത്തില്‍ കണ്ണീരുപ്പു പടര്‍ന്ന
ഒരുമ്മ നല്കികൊണ്ട്
അമ്മ പിന്നെയുമെന്തോ പറഞ്ഞിരുന്നല്ലോ..?

കുട്ടികളൊക്കെ പോയിക്കഴിഞ്ഞതിന്‍ -
വല്ലാത്ത ശൂന്യതയില്‍ സ്കൂള്‍
തുറിച്ചു നോക്കുന്നു........
മെല്ലയിറങ്ങുകയാണുണ്ണി തനിച്ച്
സ്കൂളില്‍ നിന്നാദ്യമായി....
ഇത്തിരിയേറെ ദൂരമുണ്ട്
വീട്ടിലേക്കെന്നാലും
അച്ഛനോടൊപ്പം നടന്നു കണ്ട
വഴിച്ചിത്രങ്ങള്‍ ഒന്നൊന്നായി 
മുന്നിലുണ്ട്.....
ദിക്കുകളൊട്ടും പരിചയം പോരാ
കാട്ടു വഴിമൂലയില്‍ 
പണ്ടച്ഛന്‍ പറഞ്ഞ പോലെ
കുട്ട്യോളെ പിടിത്തക്കാര്‍
ചോരക്കണ്ണുകളുമായി
പതുങ്ങിയിരിപ്പുണ്ടാകുമോ.?

എങ്കിലുമുണ്ണി നടയ്ക്കുകയാണ്
കുഞ്ഞൊരേങ്ങല്‍ ആ തൊണ്ടയില്‍
വന്ന് കുരുങ്ങുന്നുണ്ടോ....
പിന്നില്‍ നിന്നേറെ പരിചയമുളള
ആ വണ്ടിയുടെ ഹോണ്‍ മുഴങ്ങുന്നല്ലോ..
ഒരു നിമിഷം വെറുതെയെങ്കിലും
ഉണ്ണിയൊന്ന് പിന്തിരിഞ്ഞ്
നോക്കികൊളളട്ടെ.........!

( എന്റെ കുഞ്ഞേ ഞാനെന്താണ് പറയേണ്ടത്........ സകൂളില്‍ നിന്ന് തനിച്ചുളള നിന്റെ ആദ്യത്തെ മടക്കയാത്രയ്ക്ക് ഞാന്‍ എല്ലാ മംഗളങ്ങളും നേരുന്നു...... നിനക്ക് വഴിതെറ്റില്ല...എനിക്കുറപ്പുണ്ട്.....കവിതയിലൂടെയാണെങ്കിലും നിനക്ക് അനാഥത്വം പകര്‍ന്നു തന്നതിന് ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു..)


20 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. നന്ദി അജിത് സാര്‍......താങ്കളുടെ എന്നെന്നുമുളള പരിഗണനയ്ക്കും, പ്രോത്സാഹനത്തിനും....

      ഇല്ലാതാക്കൂ
  2. ആകാശ ദൂത് സിനിമ ഒന്നുകൂടി കണ്ടപോലെ ആയി പോയി
    ആണുങ്ങളും കരയും അനു രാജെ വെളിയിൽ കണ്ടില്ലെങ്കിലും
    അച്ഛനും അമ്മയും ഒരു ഉണ്ണിക്കും നഷ്ടപെടാതിരിക്കട്ടെ
    ഭൂത പാട്ടിലെ ഉണ്ണിയെ പോലെ ഒരു ഭൂതവും ഒരു ഉണ്ണികളെയും പിടിക്കാതെയും വഴിതെറ്റിക്കാതെയും ഇരിക്കട്ടെ

    പക്ഷെ ആ ഉണ്ണിയുടെ ദുഃഖം കണ്ട അനു രാജിന് ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിനന്ദനത്തിനും ആശംസകള്‍ക്കും നന്ദി പ്രിയ ബൈജു.....

      ഇല്ലാതാക്കൂ
  3. ഹൃദയസ്പര്‍ശിയായിരിക്കുന്നു.........
    ഒട്ടു മോര്‍ക്കുവാനിഷ്ടമില്ലാതെ
    ശുഷ്ടിച്ചുണങ്ങി കടന്നു പോയി....'ശുഷ്കിച്ചു'എന്നല്ലെ?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റു തിരുത്തിയിട്ടുണ്ട്...വിലയേറിയ ഈ അഭിപ്രായത്തിന് നന്ദി

      ഇല്ലാതാക്കൂ
  4. പേടിപ്പെടുത്തുന്നു,കുട്ടിയുടെ അവസ്ഥ..നന്നായി എഴുതി.പിന്നെ,എല്ലാ കവിതയിലും ആവര്‍ത്തന ശൈലി അനുഭവപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ മുഹമ്മദ് സാബ്...താങ്കളുടെ അഭിപ്രായം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. പായസത്തിന് നല്ല രുചി എന്നുപറയുമ്പോള്‍ തന്നെ അത് ചെടിച്ചു തുടങ്ങിയിരിക്കുന്നു എന്നു പറയാന്‍ കാണിച്ച സഹൃദയത്തെ ഞാന്‍ നമിക്കട്ടെ. യതാര്‍ത്ഥത്തില്‍ ആ ചെടിക്കല്‍ കുറച്ചൊക്കെ എനിക്കും മനസ്സിലാകുന്നുണ്ട്. ഒരു എഴുത്തുകാരനോട് ശൈലിമാറ്റാന്‍ പറയുന്നത്, മുതിര്‍ന്ന ഒരാളോട് അതുവരെയുളള സ്വഭാവങ്ങളും, ശീലങ്ങളും, ശരീരഭാഷയുമൊക്കെ മാറ്റാന്‍ പറയുന്നതിന് തുല്യമാണന്ന് ഞാന്‍ വിശ്വസിക്കുന്നു. യതാര്‍ത്ഥത്തില്‍ ഒരു കവിക്കോ, എഴുത്തുകാരനോ സ്വന്തം ശൈലിയില്‍ വളരെയൊന്നും മാറ്റാന്‍ വരുത്തി എഴുതാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ശ്രമിച്ചാല്‍ ആ ഭാഷ കൃത്രിമത്തം കലര്‍ന്നതോ, മറ്റൊരാളിന്റെ എഴുത്തിന്റെ വികലമായ അനുകരണമോ ആയിത്തീരാന്‍ എല്ലാ സാധ്യതയുമുണ്ട്. പുത്തനുടുപ്പും, മേലങ്കിയും, തലപ്പാവുമൊക്കെയണിയിച്ച് ഒരാള്‍ക്ക് ആകര്ഷണീയവരുത്തുന്നതു പോലെയാണ് എഴുത്തുകാരന്‍ ഇത്തരം രചനാ കൌശലങ്ങള്‍ തന്റെ സൃഷ്ടിയില്‍ പ്രയോഗിച്ച് അതിന് സ്വന്തം ശൈലിയുടെ ചട്ടക്കൂടിന്നകത്തുനിന്നുകൊണ്ടുതന്നെ വ്യത്യസ്ഥമാക്കുന്നത്. നിരഭാഗ്യവശാല്‍ എനിക്കതിനു കഴിയുന്നില്ലയെന്നാണ് താങ്കളെപ്പോലെയുളളവരുടെ പ്രതികരണത്തില്‍ നിന്നും മനസ്സിലാകുന്നത്. നിരന്തരം കവിതകള്‍ എഴുതി പോസ്റ്റുചെയ്യുന്നതാണ് ഈ ചെടിക്കല്‍ അനുഭവപ്പെടാന്‍ പ്രധാനകാരണമെന്നാണ് ഞാന്‍ സ്വയം വിലയിരുത്തുന്നത്. അതിന് ഒരു പോംവഴി പോസ്റ്റുകള്ക്കിടയിലുളള ഗ്യാപ് വര്ദ്ധിപ്പിക്കുക എന്നതാണ്.ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യാപരമായിരിക്കുമെങ്കിലും എഴുത്തകാരനെ സംബന്ധിച്ചിടത്തോളം അതാണ് നല്ലത്. ആ സംഘര്‍ഷമാണ് ഇപ്പോള്‍ എന്റെ മുന്നിലുളളത്. തല്ക്കാലം ഒരു മാറ്റത്തിനായി മുമ്പെഴുതിയ ഒരു നോവലെറ്റ് രണ്ടു മൂന്ന് ഭാഗങ്ങളായി എഴുതി പോസ്റ്റു ചെയ്യാന് ഞാന് ആഗ്രഹിക്കുന്നുണ്ട്....താങ്കളെപ്പോലുളളവരുടെ സജീവമായ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു

      ഇല്ലാതാക്കൂ
  5. ആ കുഞ്ഞിന്റെ ഒറ്റയ്ക്കുള്ള മടക്കയാത്ര വളരെ ഹൃദയ സ്പർശിയായി അവതരിപ്പിച്ചു.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ മടക്കയാത്രയുടെ ഫീലിംഗ് ഇതു വായിച്ച എല്ലാവര്‍ക്കും പകര്‍ന്നു കിട്ടിയിട്ടുണ്ടെങ്കില്‍ ഈ കവിത ധന്യമായി...നന്ദി സൌഗന്ധികം

      ഇല്ലാതാക്കൂ
  6. ഇങ്ങിനെ എത്ര ഉണ്ണിമാര്‍......
    നല്ല കവിത - മറ്റൊന്നും പറയാനാവുന്നില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങനെ പെട്ടന്ന് അനാഥരാകുന്ന ഒരുപാടുണ്ണിമാരുണ്ട്....ആകസ്മികമായി അച്ഛനും അച്ഛനും നഷ്ടപ്പെട്ട കുട്ടിയെ അവതരിപ്പിക്കാനാണ് ഞാന്‍ ആദ്യമായി തീരുമാനിച്ചിരുന്നെങ്കിലും എഴുത്തിന്റെ വഴിയേ തീരുമാനംമാറുകയായിരുന്നു...അഭിപ്രായത്തിന് നന്ദി പ്രദീപ് മാഷ്

      ഇല്ലാതാക്കൂ
  7. ഞാന്‍ ഉണ്ണിയല്ലേ ഞാന്‍ അമ്മേടുത്തല്ലേ ഇരിക്കണ്ടേ.. (മാമന്റെ മോന്‍ കുറുമ്പന്‍ അത് പറഞ്ഞപ്പോള്‍, അവന്‍ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി )നല്ലൊരു ചിന്തയാണ് അവതരണവും. ഇനിയും വ്യത്യസ്തതകള്‍ പിറക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  8. ഹൃദയത്തെ തൊടുന്ന എഴുത്താണ് അനുരാജിന്റെ. മുഹമ്മദിക്കയുടെ നിര്‍ദ്ദേശം അല്ലെങ്കില്‍ സൂചന ശ്രദ്ധിയ്ക്കുമല്ലോ. അനരാജിന് തീര്‍ച്ചയായും വ്യത്യസ്ഥത പുലര്‍ത്താന്‍ കഴിയും, വിഷയത്തിലായാലും ശൈലിയിലായാലും,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വിനോദ് മാഷ്.....ഞാന്‍ മുഹമ്മദ് മാഷിനു നല്കിയിരിക്കുന്ന മറുപടി സദയം ശ്രദ്ധിക്കുമല്ലോ...

      ഇല്ലാതാക്കൂ
  9. ഓര്‍മ്മയിലെ എള്ളും പൂവും ...! അസ്വസ്ഥമാക്കുന്ന ചിന്തകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി...സലീം

      ഇല്ലാതാക്കൂ
  10. മനസ്സ്‌ വല്ലാതെ വേദനിച്ചിരുന്ന സമയത്ത് വായിച്ചതുകൊണ്ടാവാം....

    മറുപടിഇല്ലാതാക്കൂ
  11. ബ്ലോഗെഴുത്തിന്റെ ഭാഗമായി കവിതകള്‍ എന്ന പേരില്‍ ഞാന്‍ ഒരു പാട് എഴുതിക്കൂട്ടിയിട്ടുണ്ട്. 2013 ല്‍ ഇതു വരെ മാത്രം 40 എണ്ണം പോസ്റ്റു ചെയ്തു. എല്ലാം മികച്ചതാണന്നോ, എല്ലാം തന്നെ കവിതകളാണന്നോ ഉളള അഭിപ്രായം ഇല്ല.. പക്ഷെ ഇത് ഒരു കവിതയാണന്നെ വിശ്വാസം എനിക്കുണ്ട്....അഭിപ്രായത്തിന് നന്ദി സോണി

    മറുപടിഇല്ലാതാക്കൂ