ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂൺ 11, ചൊവ്വാഴ്ച

കൊടിച്ചികൊതുകിന് പറയുവാനുളളത്..........

കൊടിച്ചി കൊതുകിനും
പറയുവാനുണ്ട് ചില
പരിഭവങ്ങള്‍......
നരച്ച് നരച്ചൊടുങ്ങിയ സന്ധ്യയില്‍
തുളച്ചു കേറും പാട്ടു മൂളാതെ
പതുങ്ങി പതുങ്ങി ഞാന്‍
കൊച്ചുപുളളിച്ചിറകുകള്‍
വീശി വന്നപ്പോള്‍......
അടച്ച് പൂട്ടി
പുതച്ച് മൂടി നിങ്ങള്‍
അകത്തിരിക്കയായിരുന്നില്ലേ....?

തനിച്ച് നിങ്ങള്‍ ബാറ്റ് വീശി
എന്നെ എരിച്ചു കളയാന്‍
നോക്കിയില്ലേ.......?
കരിഞ്ഞ ഗന്ധം മണത്ത് മണത്ത്
തികട്ടി നിങ്ങളിരുന്നില്ലേ....?

പുരയ്ക്കു ചുറ്റിലുമെന്നെ
വളര്‍ത്തിയിട്ട്.....
നുരച്ച് കൂത്താടി ഞാന്‍
പശിയടക്കാന്‍......
ചിറകുവെച്ച് പറന്നു വന്നപ്പോള്‍
പുകച്ചു പുകച്ചെന്നെ
പുറത്തു ചാടിക്കാന്‍ നോക്കിയില്ലേ...?

ചരിത്ര സമരത്തിലാണ് ഞങ്ങള്‍
വിശപ്പടക്കാന്‍ കൊഴുത്ത ചോര
വളര്‍ത്തിവിട്ടവര്‍ നിങ്ങള്‍....
നിങ്ങള്‍ നല്കണം.....
പുതച്ചിരുന്നാലും
പുകച്ചിരുന്നാലും
പടയില്‍‌ ഞങ്ങള്‍ ജയിച്ചു കേറും
പന്തയം വേണ്ട....!

കുടിച്ചു പൊട്ടിച്ചെറിഞ്ഞ 
കുപ്പിക്കഴുത്തുകള്‍.....
ചിരട്ട തൊണ്ടുകള്‍.....
ചുരണ്ട തോടുകള്‍.....
മദിച്ചു തിന്നതിന്‍ അഴുക്കു കെട്ടുകള്‍
ഒഴുക്കു നിലച്ച ഓവു ചാലുകള്‍
നശിച്ച ജന്മം ഞങ്ങള്‍.....
ജനിക്കുവാനൊട്ടും 
കൊതിച്ചിരുന്നേയില്ല.....

എന്നിട്ട്........
വളര്‍ത്തി വിട്ടത് നിങ്ങള്‍
നിങ്ങള്‍ മാത്രം.......!

കുറച്ചു മുമ്പെ ഞെളിഞ്ഞു നിങ്ങള്‍
വാ വലിച്ചു കീറി വലിയ
വര്‍ത്തമാനമായിരുന്നല്ലോ...!
എരിച്ചടക്കണം പോല്‍
ഞങ്ങളുടെ കുലമാകെ...
എന്നിട്ടിപ്പോള്‍.......?
കുടിച്ചു മോന്തിയ ചായകപ്പ്
അലക്ഷ്യമായി നിങ്ങളും വലിച്ചെറിഞ്ഞില്ലേ...?
ഞങ്ങള്‍ക്ക് മുളച്ചു പൊന്തുവാനായി

പകുത്തു കിട്ടിയതിന്‍ പങ്കുപറ്റി
ചിറിതുടച്ച് നിങ്ങളും
പോകുകയല്ലേ......?
പനിച്ചടക്കും ഞങ്ങള്‍ നിങ്ങളെ
സഹിക്കയില്ല വിശപ്പതൊട്ടുമേ
ജനിച്ചു പോയാല്‍ 
പിഴച്ചു പോകാന്‍
ഞങ്ങള്‍ക്കുമുണ്ട് നേരവകാശം......!! 

  ( ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ചിന്താ വ്യതാസമില്ലാതെ ലോകത്തുളള സകലരാലും വെറുക്കപ്പെട്ട ഒരു ജീവി കൊതുകാണന്നാണ് തോന്നുന്നത്. പക്ഷേ.....? എങ്കിലും എന്റെ കൊടിച്ചി കൊതുകേ.... ഞാന്‍ നിനക്കുവേണ്ടിയും പാടുകയാണ്...നിന്റെ പാട്ടു പോലെ...ഒരു കാര്യം മാത്രം ദേഹത്ത് തൊട്ടുളള സ്നേഹം പ്രകടനം ഒന്നും വേണ്ട....)

25 അഭിപ്രായങ്ങൾ:

  1. സമകാലീന കൊതുക് അവന്റെ കയ്യും കാലും അടിച്ചോടിക്കാൻ ഈ കവിതയ്ക്ക് കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിനും ഈ ബ്ലോഗിന് നല്കിവരുന്ന പിന്തുണയ്ക്കും നന്ദി ബൈജു.....

      ഇല്ലാതാക്കൂ
  2. വാ ! കൊതുകേ ! വരു കൊതുകേ !
    എന്റെ കൈമേൽ ഇരു കൊതുകേ !
    ചോര തരാം, വയർ നിറയെ
    കൂടുണ്ടാക്കാൻ
    കുഴികൾ തരാം
    മഴയല്ലേ, ചളിയല്ലേ
    മുറിയിൽ വരുന്നത്‌ സുഖമല്ലേ
    നീ വെറുതേ പോകരുതേ രോഗം
    നൽകി മറയരുതേ

    മറുപടിഇല്ലാതാക്കൂ
  3. പാടാം നമുക്ക് പാടാം ..കൊതുകുകൾക്കായി ഒരു ഗാനം

    മറുപടിഇല്ലാതാക്കൂ
  4. ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ചിന്താ വ്യതാസമില്ലാതെ ലോകത്തുളള സകലമാന മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന ജീവിയും കൊതുക് തന്നെ.

    മറുപടിഇല്ലാതാക്കൂ
  5. സംഘടിച്ച് സംഘടിച്ച് ശക്തരായി വരികയാണല്ലോ!
    സംഘഗാനം നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പടച്ചു വിട്ടത് നമ്മളാണല്ലോ......അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍

      ഇല്ലാതാക്കൂ
  6. കൊതുകുപാട്ട് നന്നായേ.............!!!

    മറുപടിഇല്ലാതാക്കൂ
  7. ഈ കൊതുകു കൃമിയുടെ മൂത്തതളളയായിട്ടുവരും നിധീഷ്....

    മറുപടിഇല്ലാതാക്കൂ
  8. മറുപടികൾ
    1. അങ്ങനേയും ചില പരീക്ഷണങ്ങള്‍...അഭിപ്രായത്തിന് നന്ദി മുഹമ്മദ് സാബ്

      ഇല്ലാതാക്കൂ
  9. ഓരോ തുള്ളിച്ചോരയിൽ നിന്നും
    ഒരായിരം കൊതുകുകളുയരുന്നു..!!


    കവിത കൊള്ളാം

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവര്‍ നാടിന്‍ മോചന രണാങ്കണങ്ങളില്‍.....
      അഭിപ്രായത്തിന് നന്ദി സൌഗന്ധികം....

      ഇല്ലാതാക്കൂ
  10. ചിന്തകള്‍ക്കു വഴി തുറന്നു കൊടുക്കുന്ന നല്ലൊരു കവിത.
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  11. കൊതുക് പശിയടക്കാനല്ല രക്തം കുടിക്കുന്നത്. കൊതുകിന്റെ ആഹാരം ഇലച്ചാറാണ്. മുട്ടയിടാൻ പെണ്‍കൊതുകുകൾ മാത്രമാണ് രക്തം കുടിയ്ക്കാറുള്ളത്.

    നല്ല വിഷയം അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ