പൊന്നു സഖാവേ.....എന്റെ വീട്ടിലേക്കു വന്നിട്ട് നീ
ഒന്നും മിണ്ടാതെയങ്ങ് പോകുകയാണോ....?
ഉച്ചവെയില്‍ കനലില്‍
തത്തികളിക്കും നിഴലിനൊപ്പം
വഴിതെറ്റിയാണെങ്കിലും
നീയേറെ നാള്ക്കു ശേഷം വന്നതല്ല്ലേ ...?
പൊന്നു സഖാവേ പൊറുക്കുക
നിന്‍ ഉഷ്ണദാഹം തീര്ക്കാന്‍
ഒരിറ്റുജലം നല്കാന്‍ ആരുമില്ലിവിടെ
ഉച്ചക്കിറുക്ക് പറഞ്ഞുമ്മറത്തിണ്ണയില്‍
എന്നമ്മയിരിപ്പുണ്ട്
ഒരു പഴന്തുണിക്കെട്ടുപോല്‍ .......
സ്മൃതികളോരാന്നായി മുറിക്കിച്ചുവപ്പിച്ച്
നീട്ടിയും കുറുക്കിയും തുപ്പിയ ചിത്രങ്ങള്‍
രക്ത കൊടിക്കൂറ കീറിയ പോല്‍
മുറ്റത്തുതന്നെ ചിതറി കിടപ്പുണ്ട്
പോല്‍ നിന്നോടും
ഒരു വെറും കാലി ചായക്കുളള
ചില്ലറ നാണയത്തുട്ടുകള്‍
ചോദിച്ചേക്കാം
ഇല്ലന്നു തന്നെതറപ്പിച്ച് നീ പറഞ്ഞേക്കുക
പളളു പറയാനാളില്ലാത്തതു കൊണ്ടല്ലേ
കണ്ടവര്‍ മുന്നിലിങ്ങനെ കൈ നീട്ടുന്നത്
പൊന്നു സഖാവേ പൊറുക്കുക..........
പിഞ്ഞിയ വസ്ത്രം തുന്നി നീര്ക്കുന്നോരെന്‍
പൊന്നു പെങ്ങളെയെങ്ങാനും കണ്ടാല്‍
കണ്ടില്ലന്നു നടിച്ചേക്കുക
അല്ലങ്കില്‍ കൊഞ്ചിക്കുഴഞ്ഞടുത്തുവന്നവള്‍
പട്ടു പുടവതന്നെ നിന്നോട് ചോദിച്ചേക്കാം
തെല്ലിട പുച്ഛം കലര്ന്നറപ്പോടെ
മുറ്റത്തുതന്നെ നില്ക്കുകയാണോ സഖാവേ.....
പിച്ചകവളളികള്‍ പടര്ന്നോരാ തൊടിയിലെ
അസ്ഥിത്തറയില്‍ ഉറക്കി
നമ്മളൊന്നു ചേര്ന്ന് മുഷ്ടി ചുരുട്ടി
വാനിലെറിഞ്ഞ മുദ്രാവാക്യങ്ങള്‍
പട്ടടതീയിലെരിഞ്ഞുപോയി.....
അസ്ഥി നുറുങ്ങും വേദനയില്‍
ഏറെ നാള്രക്തകഫം തുപ്പി
ചുമച്ചാണ് ഞാന് മരിച്ചതെങ്കിലും
രക്തസാക്ഷിയല്ലാതെ പോയി
അന്നു വന്നൂ പിരിഞ്ഞവര്‍ പിന്നീട്
ഈ വഴി വന്നില്ലൊരിക്കലും
പൊന്നു സഖാവേ...........
വര്ണ്ണങ്ങളില്ലാത്തൊരീ വീടിന്‍ ചുമരില്
ചില്ലുടഞ്ഞോരെന്‍ ചിത്രമുണ്ടതില്‍
ചാര്ത്തിയ പുഷ്പഹാരങ്ങള്‍
എന്നേ കരിഞ്ഞു പോയി
ആരുമറിയാതിന്നലെയെന്‍
ആണ്ടറുതിയും കടന്നു പോയ്.........
തെണ്ടിത്തിരിഞ്ഞു നടന്ന് തിന്നും
എന്നമ്മതന്‍ കൈയില്‍ ചില്ലറ
നാണയത്തുട്ടുകള്‍ കണ്ടേക്കാം
പൊന്നു സഖാവേ ...........
ഒരു രക്തഹാരം വാങ്ങിയെന്‍
ചിത്രത്തിലണിയിച്ചു പോകുക
ഉളളുകുളിര്ക്കെ ഒന്നത് ഞാന്‍ കാണട്ടെ
....................................
..........................................
പൊന്നു സഖാവേ.....
എന്റെ വീട്ടിലേക്കു വന്നിട്ട് നീ
ഒന്നും മിണ്ടാതെയങ്ങ് പോകുകയാണോ....




