ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

കൊച്ചുമകന്റെ അച്ഛമ്മ.....


അച്ഛമ്മ വന്നിരുന്നിന്നലെ....
കൊച്ചുമകനെ കാണുവാനായി
ഉച്ചവെയിലൊന്നാറിയ നേരം
പിച്ചകവള്ളി പടര്‍ന്നോരാ
തൊടിയിലേതോ അസ്പൃശമാം
നിഴല്‍ പോലെ വന്നു നിന്നു....

സ്കൂളുവിട്ടേറെ വാടി തളര്‍ന്നാ
ചെറുപൈതല് വീട്ടിലെത്തിയതേ
ഉണ്ടായിരുന്നുളളൂ.....
പുസ്തക ഭാണ്ഡമൊന്നിറക്കി
വെച്ചിട്ടവന്‍
കൊച്ചുനെടുവീര്‍പ്പുമായി
ഉമ്മറചാരുപടിയിലെന്തോ
ചിന്തിച്ചിരുന്നതാണ്....

മുറ്റത്ത് നിന്നാരോ....
കൊത്തിച്ചുമക്കുന്നതുകേട്ട് 
നോക്കുമ്പോഴുണ്ട്‌
അച്ഛമ്മ നില്ക്കുന്നു ....
ഏതോ വിസ്മയചിത്രം പോലെ
ഒട്ടും പ്രതീക്ഷിച്ചതേയില്ല
ഓര്‍മ്മതന്‍‍ ചിത്ര പുസ്തകത്തില്‍
നിന്നുമാരൂപമേറെ
മങ്ങിക്കഴിഞ്ഞിരുന്നുവല്ലോ...?

മക്കളേ നീയിങ്ങടത്തൂവരൂ
അച്ഛമ്മയൊന്ന് കാണട്ടെ
കണ്‍നിറയെ......
കയ്യിലെ കെട്ടുപൊതിക്കവര്‍
നീട്ടിക്കൊണ്ടവര്‍ ഗദ്ഗദ
ചിത്തയാകുന്നു
തട്ടിപ്പറിച്ചുകൊണ്ട് ദൂരെ
കൊണ്ടുപോയവന്‍ തുറന്നു
നോക്കുന്നു.....

കൊച്ചു സ്വര്‍ണ്ണമോതിരങ്ങള്‍‍
ചേര്‍ത്തൊട്ടിച്ചപോല്‍ അച്ചപ്പവും
കൃഷ്ണ ഭഗവാന്റെ വിരല്ത്തുമ്പില്‍
കറങ്ങുമാ ചക്രായുധം
പോലുളള കറുമുറുക്കും
വൃദ്ധവിരല്‍ ചിത്രങ്ങള്‍ തെളിഞ്ഞ
നാവിലിട്ടാല്‍ അലിഞ്ഞു-
പോകുന്നോരരിയുണ്ടയും
ഒക്കെയും രാത്രിയേറെ വൈകി
കൂത്തിപ്പിടിച്ചിരുന്നുണ്ടാക്കിയതാണത്ര....!!

പിന്നെ ഉണ്ണി ഗണിപതിക്കായി
നേദിച്ചതിന്‍ പങ്കു
പറ്റിയോരുണ്ണിയപ്പവും
ചിത്രത്തുന്നലുകള്‍ വര്‍‍ണ്ണ
വിസ്മയം തീര്‍ത്തോരു
പുത്തനുടുപ്പും.....!

പെട്ടന്നോര്‍ത്ത്പോയി അമ്മതന്‍
ഉഗ്രശാസന
ഒട്ടുമേ ലോഹ്യം പാടില്ലത്തള്ളയോട്
ചത്തുപോയി നിന്നച്ഛന്‍
ഒരു രാത്രി ഒന്നും മിണ്ടാതെ
ഒക്കെ വിധി തന്നെ പക്ഷേയതിന്‍
കെട്ടു വിഴുപ്പുകളേറ്റി
ഭാരം ചുമക്കുവാന്‍ വയ്യ ..

ചുറ്റിലും കണ്ണുകള്‍ നീരസത്തോടെ
വന്നു നിരക്കവേ
അച്ഛമ്മ ചൊല്ലുന്നു
വൃദ്ധ ജനങ്ങള്‍ക്ക്‌ കിട്ടും
പെന്‍ഷന്‍ കുടിശ്ശിക ഒരുമിച്ചുകിട്ടി
ബര്‍ത്ത്ഡേയ്ക്കന്നേ വരാനിരുന്നതാണ്
ഒത്തില്ല.....
അച്ഛച്ഛനിത്തിരി കൂടുതലായിരുന്നു
ഒറ്റയൊരുത്തി ഞാനല്ലേയുള്ളൂ
ഒക്കെയും നോക്കി നടത്താന്‍
ചത്തുപോകുവാറായോരു വൃദ്ധയല്ലേ...?

ഒറ്റമകനുളളതെത്ര കഷ്ടപ്പെട്ടു
പഠിപ്പിച്ച് ലക്ഷ്യത്തിലെത്തിച്ചതാണ്
ഒട്ടും ദയയില്ലാതെ ദൈവം വിളിച്ചില്ലേ..?
ചത്തു പേകുവാനൊക്കുമോ കൂടെ
എത്രമറക്കുവാന്‍ നോക്കിയാലും
വിസ്മരിക്കാനാകുമോ 
രക്തബന്ധത്തിന്‍ വിളി
ഉണ്ണിതന്‍ ഉണ്ണി  ഞങ്ങളുടേയും
പൊന്നുണ്ണിയല്ലേ
വന്നു നിന്നുകൂടായോ
വല്ലപ്പോഴുമെങ്കിലും
തെല്ലൊരാശ്വാസത്തിനായി.........

വെച്ചു നീട്ടിയ ചായയിലുപ്പു  പടര്‍ത്തി
അച്ഛമ്മയിരിക്കുന്നു  
കാടുകയറി പിന്നെയുമേറെപ്പറയുന്നുണ്ട്
വാലും തലയുമില്ലാത്ത വര്‍ത്തമാനം
കേള്‍ക്കുവാനേറെ രസമുണ്ടെങ്കിലും
നീറ്റലായി നെഞ്ചില്‍ വന്നു 
തറയ്ക്കുന്നുണ്ടാ നോട്ടം.... 

അച്ഛമ്മ വന്നിരുന്നിന്നലെ.... 
കൊച്ചുമകനെ കാണുവാനായി

27 അഭിപ്രായങ്ങൾ:

  1. തിരഞ്ഞെടുക്കുന്ന വിഷയത്തിലും, അതു പറയുന്ന രീതിയിലും, ഉപയോഗിക്കുന്ന ഭാഷയിലും .... - ആരും പോവാത്ത തനതായ വഴി വെട്ടിത്തെളിച്ച് മുന്നേറുന്ന ഒരെഴുത്തുകാരനെ അറിയാൻ കഴിയുന്നു. മലയാള കവിതയിൽ എൻ.വി കൃഷ്ണവാര്യരുടെ കൊച്ചുതൊമ്മൻ പോലുള്ള കവിതകൾ ഉണ്ടാക്കിയ ദിശാവ്യതിയാനത്തോട് ഏകദേശം സദൃശ്യമായ രീതിയിൽ സൈബർ എഴുത്തിടങ്ങളിൽ ദിശാപരിക്രമണത്തിന്റെ സൂചനകൾ കാണുന്നത് വലിയ പ്രതീക്ഷകൾ നൽകുന്നു......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്ക് വീണ്ടും നന്ദി പറയട്ടെ പ്രദീപ്‌ മാഷ് ........ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും എഴുത്തുകാരന് കുറച്ചു സമ്മര്‍ദ്ദം കൂടി നല്‍കുന്നുണ്ടെന്ന് പറയട്ടെ

      ഇല്ലാതാക്കൂ
  2. നൊമ്പരത്തിൽ പൊതിഞ്ഞോരു ബാല്യം സമ്മാനിച്ച പോലെ..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ഹാ.. അച്ഛമ്മ വന്നിരുന്നു.. സ്നേഹത്തിന്‍റെ , കവിതയുടെ പലഹാരപ്പൊതിയുമായി..

    നല്ല വരികള്‍ മാഷെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ഛമ്മയുടെ ആ സ്നേഹം പകര്‍ന്നു കിട്ടിയിട്ടുണ്ടെങ്കില്‍ ഈ കവിത ധന്യമായി ഡോക്ടര്‍ ....

      ഇല്ലാതാക്കൂ
  4. ഇന്നത്തെ ഉഗ്രശാസനകൾ നാളത്തെ ശ്വാസം മുട്ടലുകളാവും.കാലം എത്രയോ ഉഗ്രശാസനകളെക്കൊണ്ട് പിൽക്കാലത്ത് ശ്വാസം മുട്ടിച്ചിരിക്കുന്നു.


    വളരെ വളരെ നല്ലൊരു കവിത.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്ന് ഉഗ്രശാസനകള്‍ നല്‍കുന്നവര്‍ നാളെ അതിനു വിധേയരാകേണ്ടവരാ ണെന്നതാണ് ചരിത്രം........

      ഇല്ലാതാക്കൂ
  5. വാലും തലയുമില്ലാത്ത വര്‍ത്തമാനം
    കേള്‍ക്കുവാനേറെ രസമുണ്ടെങ്കിലും
    നീറ്റലായി നെഞ്ചില്‍ വന്നു
    തറയ്ക്കുന്നുണ്ടാ നോട്ടം....

    അത് നെഞ്ചില്‍ ഒരു നീറ്റലായി പടരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ഹൃദയത്തിന്റെ നീറ്റല്‍ കവിയെപ്പോലെ വായനക്കാരനും അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍പ്പരം ഒരു ആനന്ദം ഇല്ല തന്നെ ...നന്ദി ശ്രീജിത്ത്‌ ആദ്യ വരവിനും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  6. അച്ഛമ്മ വന്നു
    നെഞ്ചില്‍ തൊട്ടു

    മറുപടിഇല്ലാതാക്കൂ
  7. അസ്പൃശ്യമാം നിഴല്‍ വന്നുനിന്നപോലെ.......
    നീറിപ്പുകയുന്ന എല്ലാ ദൈന്യതയും നിഴല്‍ മറനീക്കി മനസ്സിന്‍റെ ഉള്ളറകളിലേക്ക്‌ നൊമ്പരമായി പെയ്തിറങ്ങുന്നു/
    നന്നായി രചന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലവാക്കുകള്‍ക്കും ആശംസകള്‍ക്കും വീണ്ടും നന്ദി തങ്കപ്പന്‍ സാര്‍ ....

      ഇല്ലാതാക്കൂ
  8. ഉണ്ണിതന്‍ ഉണ്ണി ഞങ്ങളുടേയും
    പൊന്നുണ്ണിയല്ലേ
    കേള്‍ക്കുവാനേറെ രസമുണ്ടെങ്കിലും
    നീറ്റലായി നെഞ്ചില്‍ വന്നു
    തറയ്ക്കുന്നുണ്ടാ നോട്ടം...

    മറുപടിഇല്ലാതാക്കൂ
  9. ആ വാത്സല്യം നിസ്സഹായത ഒക്കെ ഓരോ വാക്കുകളിലും വരികളിലും കൊത്തി വച്ചു അതിമനോഹരമായ രചന ഗ്രാമീണ നൈർമല്യം വല്യമ്മയെ ഒട്ടും വർണിച്ചിട്ടില്ല എങ്കിലും അവരുടെ രൂപം മുമ്പിൽ എത്തി മരണം മുറിക്കുന്നില്ല പഴകിയ രക്ത ബന്ധങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് പറയുന്നതിനേക്കാള്‍ ചിലപ്പോള്‍ നല്ലത് ഒന്നും പറയാതിരിക്കുന്നതല്ലേ ...നന്ദി ബൈജു അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  10. അച്ഛമ്മ വന്നിരുന്നിന്നലെ....
    കൊച്ചുമകനെ കാണുവാനായി.... Nalla prameyam, avatharanam.

    മറുപടിഇല്ലാതാക്കൂ
  11. മുറ്റത്ത് നിന്നാരോ....
    കൊത്തിച്ചുമക്കുന്നതുകേട്ട്
    നോക്കുമ്പോഴുണ്ട്‌
    അച്ഛമ്മ നില്ക്കുന്നു ....good picture

    മറുപടിഇല്ലാതാക്കൂ
  12. എന്തോ ഒരു പ്രത്യേകതയുണ്ട് എഴുത്തില്‍..വേറിട്ട ശൈലി ..എനിക്ക് ഒരുപാടിഷ്ടപ്പെട്ടു..നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹൃദയത്തില്‍ തോന്നുന്നത് ഹൃദയത്തിന്റെ ഭാഷയില്‍ പറയുവാനുള്ള ശ്രമമാണ് ഞാന്‍ ഓരോ കവിതയിലും നടത്തുന്നത് ....ചിലതൊക്കെ വായനക്കാരെയും അനുഭവിപ്പിക്കുവാന്‍ കഴിയുന്നുണ്ടെന്നറിയുന്നതില്‍ സന്തോഷം ..നന്ദി ബിജി ....ആദ്യ വരവിനും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  13. ഏറെ കൊതിപ്പിക്കും സ്നേഹവുമായി
    എന്നച്ഛമ്മ വന്നിരുന്നിന്നലെ!! :) സ്നേഹം.....

    മറുപടിഇല്ലാതാക്കൂ