വയലാറിന്റെ സ്വര്ഗ്ഗവാതില്‍പ്പക്ഷി മലയാള കാവ്യ നഭസ്സില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി........ ഇടയ്ക്കിടയ്ക്ക് ശുഷ്കിച്ചുണങ്ങിയ മരക്കൊമ്പുകളിലേക്ക് സത്യത്തിന്‍റെ സന്ദേശവുമായി അത് പറന്നിറങ്ങുന്നു . പക്ഷേ .....? ആ പക്ഷേയ്യില്‍ നിന്നാണ് ഈ കവിത പിറവി കൊള്ളുന്നത് .വയലാറിന്‍റെ അനശ്വരമായ കാവ്യ പ്രതിഭയ്ക്ക് മുമ്പില്‍ നമിച്ചു കൊണ്ട് ഈ കവിത സാദരം സമര്‍പ്പിച്ചു കൊള്ളട്ടെ ......
സ്വര്‍ഗ്ഗ വാതില്‍പ്പക്ഷിയെ
കണ്ടുവോ നിങ്ങള്‍...?
വര്‍ണ്ണ ചിറകുകള്‍ വിടര്‍ത്തി
സ്വച്ഛമാകാശത്തിലൂടെ
എത്രയുഗങ്ങള്‍ പാറിപ്പറന്നതാണ്
ഇന്നിതാ കുഞ്ഞിത്തൂവലുകള്‍ പോലും
കൊഴിഞ്ഞേറെ വികൃതമായ്
ഉത്തുംഗമാമേതോ ഗോപുരമേടയില്‍
ഉള്‍ത്താപമോടങ്ങനെ
ചുറ്റിത്തിരിയുകയാണല്ലോ......!
ചിറകു വിടര്‍ത്തി പറക്കുവാനേ വയ്യ
ദുരമൂത്തേതോ മര്‍ത്ത്യന്റെ ഒളിയമ്പ്
കൊണ്ടതെന്നേ തകര്‍ന്നു പോയി....
കത്തുന്ന സൂര്യന്റെ കനല്‍ വീണു പൊളളിയ
കൊക്കു പിളര്‍ത്തി ഒരിറ്റു
ദാഹജലത്തിനായി കേഴുകയാണല്ലോ.....
നിത്യമാം സത്യം മൃത്യു വന്നെത്തുന്നതും
കാത്തു കാത്തങ്ങിരിക്കയാണല്ലോ...
സത്യത്തിന്‍ മുദ്ര പതിച്ചോരാ
വര്‍ണ്ണകൊടിക്കൂറ കാറ്റില്‍
പാറിക്കളിപ്പുണ്ടുയരത്തില്‍
താഴെ തണുപ്പുളള മുറികളില്‍
വട്ടമേശയ്ക്കു ചുറ്റുമിരുന്നവര്‍
സത്യത്തിന്‍ പൊയ്മുഖമണിഞ്ഞവര്‍
കൂട്ടിയും കിഴിച്ചും, ഹരിച്ചും ഗുണിച്ചും
വൃദ്ധനാം ആ പക്ഷിയുടെ ചുക്കിചുളിഞ്ഞ
ദേഹത്തിന് വിലയിട്ടു വില്ക്കുവാന്‍ വെയ്ക്കുന്നു
"ഏതോ ദിവ്യമാംപക്ഷിയതിന്‍
ചുടുചോര പുരട്ടുകില്‍
ഏതുമഹാവ്യാധിയും മാറുമത്രേ .!"
വാര്‍ത്തയറിഞ്ഞു വന്നവര്‍ , വന്നവര്‍
കൂര്‍ത്ത നോട്ടങ്ങളാലെന്റെ
രക്തവും, മാംസവുമളന്നെടുത്ത്
തഞ്ചത്തിലങ്ങനെ വിലപേശി നില്ക്കുന്നു
എന്തോ.. പറയുന്നുണ്ടാപ്പക്ഷി
നിന്ദ്യമാം ലോകത്തോടായി
നിങ്ങളും കേട്ടില്ലേ .... ?
" കൊന്നു തിന്നോളുകതിന്‍ മുമ്പ്
ഒരിറ്റു ദാഹജലമിറ്റിച്ചു നല്കുക "