കൊച്ചു വെളുപ്പാന്‍ കാലത്തേ
വന്നെത്തിയതാണല്ലോ...?
പച്ചില പോലെന്റെ
പ്രാണന്‍ പിടയുന്നു….
ഒത്തവണ്ണവും തക്ക നീളവു
മുണ്ടങ്കിലെന്ത്.....?
ഒട്ടൊരു കാര്യവുമില്ലതിലൊന്നും...!
ഇത്ര വെപ്രാളമൊന്നും വേണ്ടാ
ഒച്ച പതുക്കി ആശാനടുത്തു
വന്നു പറയുന്നു………
എട്ടും പൊട്ടും തിരിയാത്തെത്ര
പൊട്ടന്മാരെ ചക്രം തിരിപ്പിച്ച്
തെളിച്ചു വിട്ടതാണിക്കൈകള്‍.....!!
ഫീസു കാശൊക്കെയും
തീര്‍ത്തെന്നേ തന്നതെന്നൊക്കെ
ശരി തന്നെ.......
ദക്ഷിണ വെച്ചു വേണം തുടങ്ങന്‍
കൊച്ചു കൊച്ചു കാര്യങ്ങളെന്നും
മറന്നു പോകരുത്.....
ക്ലച്ചും ബ്രേക്കും ചവിട്ടുവാന്‍
ആശാനടുത്തില്ലന്നത്
പ്രത്യേകമോര്‍മ്മ വേണം
ഒച്ചിഴയുന്ന വേഗത്തില്‍
പോകണം…..
ക്ലച്ചു ചവിട്ടി സ്പീഡഡ്ജസ്റ്റു
ചെയ്യണം.....
തൊട്ടു പോകരുതാക്സിലറേറ്റരില്‍
മുമ്പേയറ്റമാ കമ്പി കടന്നാലുടന്‍
ഒട്ടും ശങ്ക വേണ്ട.....
ഗിയര്‍ മാറ്റിപ്പിടിക്കണം
പിറകോട്ട്…….
അല്പം പിന്നോട്ടുവന്നാലുടന്‍
വലത്ത് കറക്കി.....
ഇടത്തിങ്ങൊടിച്ചെടുക്കണം
പിന്നെ ചക്രങ്ങള്‍ നേരെയാക്കണം
അപ്പൊഴും വണ്ടിയുരുണ്ടു
കൊണ്ടിരിക്കണം....
ചക്രശ്വാസത്തിനിടയില്‍പ്പെട്ട്
എഞ്ചിന്‍ സ്പന്ദനം
നിലച്ചു പോകരുത്.....
ഒട്ടും താമസിക്കവേണ്ട
പിന്നെ ഇടത്ത് കറക്കി
വലത്തിങ്ങൊടിച്ചെടുക്കണം
കടമ്പതീരുവാനിപ്പണി
യപ്പുറവും ചെയ്യണം….
ഒടുക്കം തുടക്കത്തിലേതു
പോലെ വന്നു നില്ക്കണം
ഒന്നും സംഭവിക്കാത്തതു പോലെ...
വിളിര്‍ത്ത ചിരിയുമായി
പിന്നിലുണ്ടാകുമാ കമ്പി
പഠിച്ച പുള്ളിയാണ്......
പതുങ്ങി നിന്നിടും
ഓര്‍മ്മവേണം.........
വെട്ടിത്തിരിക്കേണ്ടിടത്തൊക്കെയും
കൊച്ചു തിപ്പെട്ടി കൂടുകളിട്ടു
വെച്ചിട്ടുണ്ട്......
ദൃഷ്ടിയില്‍പ്പെട്ടില്ലേലുമത്
ഇപ്പഴേ അളന്നു കുറിച്ച്
മനസ്സിലിട്ടേക്കണം
പറയുവാനെന്തെളുപ്പം
എച്ചെടുപ്പിന്റെ ടെസ്റ്റാണ്
പച്ചിലപോലെന്റെ
പ്രാണന്‍ പിടയുന്നു.....!!


