ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

വെറുതേ ഒരു ഓണക്കോടി.....

ഒറ്റമുണ്ടൊന്ന് വേണം
വൃദ്ധമാതാവിന്
ഓണക്കോടി നല്കുവാന്‍
കൊച്ചു കസവിന്‍ കരയുള്ളത്
ഒത്തിരി വിലയുള്ളത് വേണ്ട....
വെറുതെയെന്തിന്....?
കെട്ടുകണക്കിനടുക്കിവെച്ചിട്ടുണ്ട്
അലമാരയില്‍
പൊട്ടിച്ചുപോലും നോക്കാത്തവ
ഒരുപാടെണ്ണം...!

എത്രനാളായി കട്ടിലില്‍
തന്നെ കിടപ്പിലാണ്
കുഴഞ്ഞൊട്ടിയോരോര്‍മ്മകളുമായി
ശുഷ്കിച്ചുണങ്ങിയ മരക്കമ്പു പോല്‍
വെട്ടിയും  തിരുത്തിയും
വികൃതമാക്കാകിയ
തെറ്റിയ കാലഗണിതത്തിന്‍
കുറി പുസ്തകവുമായി
മൃത്യ ദേവന്‍ വന്നു പോകുന്നുണ്ട്
അപ്പുറവുമിപ്പുറവും...
തിട്ടമില്ലൊന്നിനും....
കിട്ടിയവരേയും കൊണ്ടു പോകുന്നു

തുട്ടുകള്‍ ഞങ്ങള്‍ മക്കള്‍
കൃത്യമായെണ്ണി പങ്കുവെച്ചു
കൊടുത്തിട്ടാണേലും
കിട്ടിയില്ലേ കൊച്ചു പെണ്ണൊരുത്തി
വീട്ടുനഴ്സിനെ
എന്ത് മഹാഭാഗ്യം..
തന്നെത്താനെല്ലാം
നോക്കി നടത്തിക്കൊള്ളും

ഒക്കെ ശരിതന്നെയെന്നാലും
ഒത്തിരി നാളുകള്‍ക്കു ശേഷം
കാണുവാന്‍ ചെന്നെത്തുന്നതല്ലേ..
വെറുതെ ചെന്നുകയറുവാനൊക്കുമോ..?
വെറും കൈയും വീശി....
അല്പം ലാഭം പിടിച്ചാല്
അല്പനെന്നൊരു പേരു
മാത്രം മിച്ചം ലഭിക്കും...

സ്വത്ത് ഭാഗംവെച്ചപ്പോള്‍
കുറഞ്ഞെന്നു
തര്‍ക്കമുള്ളോരനുജനാണിപ്പോള്‍
തറവാട്ടില്‍..
ഇടയ്ക്കിടയ്ക്ക് വിളിച്ച് കുത്തി നോവിക്കാറുണ്ട്
ഒട്ടും മയമില്ലാതെ...
എത്ര നാളായി വന്നൊന്നമ്മയെ കണ്ടിട്ട്
കഷ്ടമല്ലേ....?
കിട്ടുവാനുള്ളത് കിട്ടും വരേയും
കൃത്യമായെത്തുമായിരുന്നല്ലോ..?
ആണ്ടിലൊറ്റതവണെയെങ്കിലും..
ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍
വീട്ടുകാരനുമാത്രമെന്നാണോ..
ഒട്ടുമേ കാട്ടിയില്ലല്ലോ ഈ ദയ
തര്‍ക്കം പറഞ്ഞു വെട്ടിമുറിക്കുമ്പോള്‍..?

അര്‍ദ്ധബോധം വിട്ടുണരു
മ്പോഴൊക്കെയുമമ്മ
പുത്രനാമെന്റെ പേരു
ചൊല്ലി വിളിക്കുന്നണ്ടത്രെ...!

അല്പമെന്നോടു നീരസം
തോന്നുവാനിടയുണ്ട്
നിങ്ങള്‍ക്കും.....
ഒട്ടുവിചാരമില്ലാഞ്ഞിട്ടല്ല സത്യം
കെട്ടുപാടുകള്‍ വിട്ടെറിഞ്ഞിട്ട്
പത്തു ദിനങ്ങളൊരുമിച്ച്
കൂട്ടുവാന്‍ കിട്ടുന്നില്ല
മുഷിഞ്ഞട്ടു നാറി
എത്ര ദൂരമോടിക്കിതച്ചു
ചെന്നെത്തുവാനുള്ളതാണ്
ഇത്തവണയെന്തായാലും
ഓണം അമ്മയ്ക്കൊപ്പം തന്നെ
എന്നെപ്പഴേ തീര്‍ച്ചപ്പെടുത്തിയതാണ്
ടിക്കറ്റുമെന്നേ ബുക്കു ചെയ്തു കഴിഞ്ഞൂ

ബില്ലടച്ച്  വേഗം പൊതിക്കവറും വാങ്ങി
ടെക്സ്റ്റൈയില്‍ ഷോപ്പിന്റെ പടികളിറങ്ങവേ
കൈയിലെ കൊച്ചു ഫോണൊന്നു ചിലച്ചൂ
അങ്ങേത്തലയ്ക്കല്‍ അനുജന്റെ
പമ്മിയ ശബ്ദം
അമ്മമരിച്ചൂ..അല്പ നേരും മുമ്പ്...
വന്നെത്തുമോയെന്നറിയണം....
കര്‍മ്മബന്ധങ്ങള്‍തന്‍
ചിതയിലേക്കൊരു കൊള്ളിവെയ്ക്കുവാന്‍

(കൊടുക്കുവാന്‍ കഴിയാത്ത ഈ ഓണക്കോടി അല്പം താമസ്സിച്ചാണെങ്കിലും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...നിങ്ങള്‍ എന്നോട് പൊറുക്കുമല്ലോ...?)

2014 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബാറില്‍ നിന്നും ഒരു വിലാപകാവ്യം.....

ബാറു പൂട്ടുവാന്‍ പോകുന്നു...!!
ബാറു പൂട്ടുവാന്‍ പോകുന്നു...!!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

വെണ്‍ നുരചിന്തുമായി
ചില്ലു ഗ്ലാസ്സുകള്‍ സ്നേഹമോടെ
ഉമ്മവെച്ച് കൂട്ടിമുട്ടു
മിമ്പമാര്‍ന്നൊരൊച്ചയില്‍
കൊച്ചു തീനുമേശയ്ക്കപ്പുറവു
മിപ്പറവും....
നാട്യമൊക്കെയഴിച്ചുവെച്ച്
പാതിമുങ്ങി നീയും ഞാനും

കൊച്ചുപ്ലേറ്റില്‍ കൊണ്ടുവെച്ച
കടുംചാറു തൊട്ടു നക്കി
നമ്മളൂട്ടിയ സൌഹൃദം....

വീട്ടിലിരുട്ടുമൂല
തണുപ്പിലെന്നപോല്‍
നമ്മള്‍ വന്നൊളിച്ചിടം
കാട്ടുപൂച്ച പേറ്റുനോവുപോല്‍
വന്നു ചുരുണ്ടിടം...

വീട്ടു പൂതനമാരെ
വേട്ടുകൊണ്ടു വന്നതില്‍പ്പിന്നെ
ഉള്ളില്‍ കാട്ടുതീ പടര്‍ന്ന്
കയത്തിലേക്കെന്നറിഞ്ഞുതന്നെ
നമ്മള്‍ എടുത്തു ചാടിയേടം

തേറ്റപ്പന്നിമക്കളോടു
പോക്കുകണ്ട് മനം നൊന്ത്
തോറ്റു തുന്നം പാടാനായി
നമ്മള്‍ വന്നെത്തിയേടം

ചീറ്റപ്പുലി ചാട്ടക്കാരന്‍‍
ബോസിന്‍റെ
വേട്ടനോട്ടത്തിന്നിടയില്‍ പെട്ട്
ചീത്തവിളിയേറെ കേട്ട്
തോലിരിഞ്ഞ മാനത്തിന്
തുണിയുടുക്കുവാനായി
നമ്മള്‍ വന്നു കേറിയേടം

ഏച്ചുകെട്ടി നമ്മള്‍ ചുമന്ന
ഭാരമൊക്കെയും
ചില്ലുകുപ്പി സോഡപോല്‍
കാലിയായി വന്നു വീണേടം.....

വേച്ചുവേച്ച് നമ്മളിറങ്ങിയ
മാളങ്ങള്‍ കോലരക്കുരുക്കി
യൊഴിച്ചടയ്ക്കുവാന്‍ പോകുന്നു
കാട്ടുനീതി........കാട്ടുനീതി

നാട്യമാണിത്...വെറും നാട്യം
നമ്മളുമായി കൂട്ടുവട്ടം കൂടിയവര്‍‍
രാത്രിയിരുട്ടിവെളുക്കും മുമ്പേ
വാക്കുമാറ്റി..നോക്കുമാറ്റി
നമ്മളെ കല്ലെറിയുന്നു
കാട്ടുനീതി...കാട്ടുനീതി.....

ബാറു പൂട്ടുവാന്‍ പോകുന്നു...!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

( ബാറില്‍ നിന്നൊരു വിലാപകാവ്യമോ.....ദൈവമേ ഞാനെന്താണ് എഴുതുന്നത്....എന്നോടു പൊറുക്കേണമേ......!!)



2014 ജൂലൈ 17, വ്യാഴാഴ്‌ച

കരയാതുണ്ണീ........കരയാതെ.......

കരയാതുണ്ണീ........കരയാതെ.......
കണ്ണീര്‍ മണിമുത്തുകള്‍
ചുമ്മാതെ വീഴ്ത്തിയുടക്കാതുണ്ണീ
ഉടയ്ക്കാതെ....
പിന്നെ പെറുക്കിയെടുത്തത്
കോര്‍ക്കാനും കഴിയില്ലല്ലോ...


കരയാതുണ്ണീ........കരയാതെ.......

കണ്ണിന്‍റെ കണ്ണല്ലേ......?
കരളിന്‍റെ കരളല്ലേ.......?
കന്മദപ്പൂവല്ലേ.......?
കനല്‍ തിങ്ങും ജീവിത
പാതയില്‍ കുളിരൂറും
സ്വപ്നവുമായി നീ
വന്നതല്ലേ.......?
നിറമേഴും ചാലിച്ചു
തന്നതല്ലേ........?

കരയാതുണ്ണീ...കരയാതെ.......

ഉണ്ണി വയറു വിശന്നിട്ടാണോ
അമ്മിഞ്ഞ ഒരുപാടു
നേരമുണ്ടതല്ലേ.......!
പൊന്നേയതിലില്ലിനി
പാലൊന്നും......
നിന്നുള്ളു കുളിര്‍പ്പിക്കാന്‍
എന്നാലും ചുമ്മാ
വെച്ചു തരാമേ....

ഉണ്ണിയുറക്കം പോരാഞ്ഞിട്ടോ..?
നല്ലൊരു താരാട്ടു പാട്ടമ്മ
പാടിത്തരമേ....
ഉവ്വാവി വന്നു പിടിച്ചിട്ടോ
അയ്യയ്യോ..........!
നല്ല പനിക്കോളുമുണ്ടല്ലോ
അമ്മതരാല്ലോ മരുന്നല്പം
പൊന്നേ കരയാതെ....

കരയാതുണ്ണീ........കരയാതെ.......
കരയാതുണ്ണീ........കരയാതെ.......



2014 ജൂലൈ 3, വ്യാഴാഴ്‌ച

ഇഞ്ച്വറിടൈം


icons sports concept soccer Stock Vector - 14835474എത്ര നേരമായി ഞാന്‍
വിളിച്ചൊച്ച വെയ്ക്കുന്നു
എന്നെയീ ഗോള്‍മുഖത്തൊറ്റ
ക്കാക്കിയിട്ട് നിങ്ങളെല്ലാവരും
ദൂരൊയൊന്നും പോകരുതെന്ന്
അത്രമേല്‍ ഒറ്റപ്പെടല്‍
ഞാന്‍ വെറുത്തു പോയി

ഞാനുമീ ജീവനില്ലാ മരത്തൂണുകളും
ഏതോ വിജനമാം കടലോരത്ത്
അന്യരെപ്പെലെ നില്ക്കുന്നു
ആര്‍ത്തിരമ്പി വന്നെത്തുന്നു
വന്യമാം തിരകള്‍
ചീര്‍ത്ത ദുസ്വപ്നങ്ങളായി
ആയിരം കാല്പന്തുകളിക്കാര്‍തന്‍ 
കാല്‍ നൃത്തച്ചുവടുമായി
ഒറ്റയ്ക്കു തടുക്കുവാനാകുമോ..
വെറും പച്ചമനുഷ്യന്

എത്ര നേരമായി ഞാന്‍
വിളിച്ചൊച്ച വെയ്ക്കുന്നു
ഇപ്പെഴെന്തായി വന്നു
പതിച്ചില്ലെയാ പന്ത്
വിണ്ണിലേതോ തീമഴചിത്രം
വരച്ച്
നെഞ്ചിന്‍ ലോലമാം
വലക്കണ്ണികള്‍
പൊട്ടിച്ചെറിഞ്ഞു കൊണ്ട്
ചക്രവാളം തേടുമേതോ
പക്ഷിയെപ്പോലെ
പറന്നു പോകുകയാണെന്ന്
ഞാന്‍ കരുതി
അല്പം പിഴച്ചു പോയി
വ്യര്‍ത്ഥമാം ജീവിതകണക്കൂ
കൂട്ടല്‍ പോലെ....

കുറ്റം പറയുന്നില്ല ഞാനാരേയും
എനിക്കെന്തര്‍ഹത
അല്പ നേരം കൂടി കാത്തു
സൂക്ഷിച്ചിരുന്നെങ്കില്‍
എത്ര ധന്യമാകുമായിരുന്നു
ഇന്നത്തെ രാത്രി..

ഇനിയെത്ര രാത്രികളില്‍
ഞാനൊറ്റയ്ക്കുറങ്ങാന്‍
കിടക്കുമ്പോള്‍
ഈ അഭിശപ്ത നിമിഷങ്ങള്‍
വന്നെന്നെ
കൂര്‍ത്ത മുളയമ്പില്‍
കോര്ത്തെടുത്തു കൊണ്ടു പോകും
കാട്ടു തീയില്‍ ചുട്ടെരിക്കുവാനായി..

( എല്ലാം എന്‍റെ പിഴ.....എന്‍റെ വലിയ പിഴ.........)
ഈ കവിത വായിച്ചു കൗതുകം തോന്നുന്നവര്ക്ക് താഴെപ്പറയുന്ന(മുമ്പെഴുതിയത്) കവിതയും വായിക്കാവുന്നതാണ്
ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി....

2014 ജൂൺ 28, ശനിയാഴ്‌ച

രണ്ട് പി-കള്‍ക്കിടയില്‍ ഒരു പിപ്പിരിപ്പീ...

3d man thinking with red question marks over white background - stock photo
പൊന്നു സുഹൃത്തേ
നീവരുന്നുണ്ടോ
പടം കാണാന്‍.....?
ഇന്നു ക്ലാസ്സില്‍ കയറാതെ.
ചുമ്മാതെ പുസ്തകം
തിന്നു തീര്‍ത്തിട്ടെന്തു കാര്യം..?
എല്ലാത്തിനുമുണ്ട് ഞാനൊപ്പം
നിന്‍റെ കൂടെ
നീയും ശങ്കിച്ചു നിന്നിടേണ്ട..

പുത്തന്‍ പടം റിലീസുണ്ടിന്ന്
കൃഷ്ണാ തിയേറ്റരില്‍
അഭ്രപാളിയില്‍
അത്ഭുതം തീര്ത്തോരു
പത്മരാജന്റെ ചിത്രം
ഞാന്‍ ഗന്ധര്വ്വനന്നെത്രെ പേര്
ഉത്തരേന്ത്യക്കാരന് നടന്‍
മഹാഭാരതം തുടര്‍
ചിത്രകഥാ പരമ്പരയില്
കൃഷ്നാട്ടമാടി നമ്മളെ
വിസ്മയിപ്പിച്ചോരാ
നക്ഷത്രകുമാരനാണ്
നായകന്‍

കണ്‍സഷന്‍ ടിക്കറ്റെടുത്തു
തന്നെ പോകണം നമ്മള്‍
കൈയില്‍ പൈസ
കരുതിയിട്ടുണ്ടെങ്കിലും..!
തിങ്ങി ഞെരുങ്ങിയ
ബസിലേ കയറാവൂ
കൊച്ചു നാണയം നീട്ടി നീ
നില്ക്കുമ്പോള്‍
ഒട്ടും പരിചയമില്ലാതെ
കണ്ടക്ടര്‍
ദൃഷ്ടിദോഷം പോലെ
നോക്കുമതച്ചെട്ടുറപ്പാണ്
വിട്ടു കൊടുക്കരുതൊരിക്കലും
നമ്മള്‍
പുളിച്ചട്ടവാക്കുകളില്‍ പെട്ടു
പോകണം പാവം

ഒന്നിങ്ങടുത്ത് നിന്നാലൊരു
കാര്യം രഹസ്യമായി
പറയാം
ഓലകൊട്ടകയൊന്നുണ്ടല്ലോ
പോകുംവഴി...
ലീലാ ടാക്കീസെന്നാണ് പേര്
അറിയരുതെന്നഹമ്മതി
മാത്രം പറയരുത്......
മുട്ടനേണി വെച്ചോരു പടത്തിന്‍റെ
പോസ്റ്ററിന്നു കണ്ടു
പി. ചന്ദ്രകുമാറിന്‍റെ
ആദിപാപം......!!
രക്തം തുടിക്കും നഗ്നമാം
പെണ്ണുടുലകള്‍
നിന്നു തുടിക്കുന്നു
കണ്‍‍‍മുന്നില്‍.....
കൃത്യം പതിനൊന്നുമണിക്കുതന്നെ
കോളേജു കുട്ടികള്‍ക്കുള്ള
പ്രത്യക ഷോയുണ്ട്..

പൊന്നു സുഹൃത്തേ
നീവരുന്നുണ്ടോ
പടം കാണാന്‍....?
പി. പത്മരാജന്റെ
ഞാന്‍ ഗന്ധര്‍വ്വന്കണ്ട്
മറ്റോരു സ്വപ്ന ലോകത്തിലേക്ക്
പോകണോ....?
പാപചിന്തകളെല്ലാ മകറ്റി
പി. ചന്ദ്രകുമാറിന്‍റെ
ആദിപാപത്തില്‍ അരണ്ട
വെളിച്ചത്തില്‍
അസഹ്യമാമുഷ്ണത്തില്‍
നഗ്നമാം പെണ്‍ആണുടലുകള്‍
സര്‍പ്പങ്ങളേപ്പോലെ
പുളയുന്നത് കണ്ടിട്ട്
മറ്റൊരു സ്വര്‍ഗ്ഗം ലോകം
കണ്ടിറങ്ങണോ...?
എന്തു പറയുന്നു നിങ്ങളും
പൊട്ടനെന്തോ കണ്ട് ഭയന്നതുപോലെ
നോക്കാതെ പെട്ടന്നുത്തരം
നല്കുക  കൃത്യമായി