വീടു പൊളിച്ചു പണിയേണ്ടേ.........?
വീട്ടുകാരണോത്തി എന്റെ ഭാര്യ
ചോദിക്കുന്നു.
ഈറ്റപ്പുലിപോലിടയ്ക്കു ചാടുന്നവള്‍
വീണ്ടു വിചാരമില്ലാതിങ്ങനെ
നടന്നാല്‍ മതിയോ....?
വീണിടം വിഷ്ണുലോകമെന്നങ്ങന
നിനച്ചാല്‍ മതിയോ...?.
ചാട്ടുളി പോലുളള വാക്കുകള്‍ കൊണ്ട്
അവളെന്നെ വേട്ടയാടുകയാണല്ലോ...
വീടിനൊട്ടും മോടി പോരാത്രെ
കാട്ടു പൊന്തക്കാട്ടില്‍ നിന്നേതോ
കുറുക്കനന്‍ തലനീട്ടിയ പോലുണ്ടത്ര
ഈ വീടിന്റെ മോന്തോയം..!
വീടു പൊളിച്ചു പണിയണം
വീട്ടില്‍ മോളൊരുത്തി കൊന്ന
ത്തെങ്ങുപോലങ്ങു വളര്ന്നു വരുന്നുണ്ടേ...
ഉത്തരത്തിലിടിച്ചവളുടെ ഉച്ചി തകരുമേ
ആണൊരുത്തന്‍ വന്ന് കെട്ടേണ്ടതല്ലേ
കച്ചിതുറുപോലുളള മോനൊരുത്തന്‍
കട്ടിള വാതില്‍ തിങ്ങി ഞെരുങ്ങുമേ
വീടു പൊളിച്ചു പണിയേണ്ടേ.........?
വീടു പൊളിച്ചു പണിയേണ്ടേ.........?
കാട്ടുകരിമ്പൂച്ചപോലിരുട്ട് പതുങ്ങി
കിടപ്പുണ്ടേ മുറിനിറയേ
നേരംമോന്തിയായാല്‍ തട്ടിന്പുറത്തപ്പടി
നെട്ടോട്ടമാണേ മരപ്പട്ടികള്‍
കൂട്ടിന് കൂര്ക്കംവലിച്ചൊരുത്തന്‍
നിങ്ങളുമുണ്ടല്ലോ, പിന്നെന്തു വേണം..!
ചീര്ത്തു കനച്ചൊരു ഗന്ധം
മണക്കുന്നുണ്ടേ....
ചിലന്തി പെടുത്തന്റെ ചെഞ്ചുണ്ട്
പൊളളിയടര്ന്നേ.....
ഓടു പൊട്ടി ചോന്നൊലിക്കുന്നുണ്ടേ
മാവുവെട്ടാനും സമ്മതിക്കേണ്ടേ
ചേരയൊരെണ്ണം എലിയെപിടിക്കാനായി
മച്ചിന്കാലില്‍ വന്നു പതുങ്ങി കിടക്കാറുളളത്
ഒത്തിരിവെട്ടം ഞാന്‍ കണ്ടതാണേ
പാതിഉറക്കത്തില്‍ തോര്ത്തു മുണ്ടെന്നു
കരുതിയെടുത്ത് ചുറ്റരുതേ...!
ഇന്നാളൊരുനാള്‍ കൂട്ടാന്‍ വെച്ചിട്ട്
കുനിഞ്ഞെന്നു നൂരാനൊരുങ്ങുമ്പം
പാറ്റയൊരണ്ണം എങ്ങുനിന്നോ
വന്ന്‍ ചട്ടിക്കലത്തില്‍ ചത്തു വീണേ....
പറയുവാനൊത്തിരിയുണ്ടെന്നാലും
കേള്ക്കുവാന്‍ പൊട്ടച്ചെവിയാണല്ലോ
ചുറ്റിലുമെന്റെ ഭഗവതിയേ...
കേട്ടു പഴകി തൂണിനുപോലും നാണം
വരുന്നേ.....!
എന്നിട്ടുമന്തിക്കു മോന്തിയ കളളും തികട്ടി
ചീട്ടുകൊട്ടാരം പോലെ മനക്കോട്ടേം കെട്ടി
കല്ലിനു കാറ്റു പിടിക്കാത്ത പോല്‍
ഉമ്മറത്തിണ്ണയില്‍ ചാഞ്ഞങ്ങിരിപ്പാണേ
ഈ പണ്ടാരക്കാലന്‍ .......
( വീട്ടിലെ മേളം കേട്ടില്ലേ....പെണ്ണുംപിളളയും മക്കളും അങ്ങനെ പലതും പറയും. പക്ഷെ ഞാന്‍ ഓടിച്ചാടി കളിച്ചു വളര്ന്ന വീടാണ്. കാര്ന്നോന്മാരായിട്ട് എനിക്കു തന്നതാണ്. അത് ഞാനെങ്ങനെ പൊളിച്ചു കളയും. പോരാത്തതിന് എന്റെ കൈയില് അഞ്ചു പൈസ എടുക്കാനില്ല.ഇനി നിങ്ങള് പറയൂ ഞാന്‍ വീട് പൊളിച്ചു പണിയണമോ വേണ്ടയോ...?.എന്നിട്ടു വേണം എനിക്ക് ഒരു അവസാന തീരുമാനമെടുക്കാന്‍ .....)
(ഫോട്ടോയ്ക്ക് കടപ്പാട്......PICASA- GOOGLE)

