ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബാറില്‍ നിന്നും ഒരു വിലാപകാവ്യം.....

ബാറു പൂട്ടുവാന്‍ പോകുന്നു...!!
ബാറു പൂട്ടുവാന്‍ പോകുന്നു...!!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

വെണ്‍ നുരചിന്തുമായി
ചില്ലു ഗ്ലാസ്സുകള്‍ സ്നേഹമോടെ
ഉമ്മവെച്ച് കൂട്ടിമുട്ടു
മിമ്പമാര്‍ന്നൊരൊച്ചയില്‍
കൊച്ചു തീനുമേശയ്ക്കപ്പുറവു
മിപ്പറവും....
നാട്യമൊക്കെയഴിച്ചുവെച്ച്
പാതിമുങ്ങി നീയും ഞാനും

കൊച്ചുപ്ലേറ്റില്‍ കൊണ്ടുവെച്ച
കടുംചാറു തൊട്ടു നക്കി
നമ്മളൂട്ടിയ സൌഹൃദം....

വീട്ടിലിരുട്ടുമൂല
തണുപ്പിലെന്നപോല്‍
നമ്മള്‍ വന്നൊളിച്ചിടം
കാട്ടുപൂച്ച പേറ്റുനോവുപോല്‍
വന്നു ചുരുണ്ടിടം...

വീട്ടു പൂതനമാരെ
വേട്ടുകൊണ്ടു വന്നതില്‍പ്പിന്നെ
ഉള്ളില്‍ കാട്ടുതീ പടര്‍ന്ന്
കയത്തിലേക്കെന്നറിഞ്ഞുതന്നെ
നമ്മള്‍ എടുത്തു ചാടിയേടം

തേറ്റപ്പന്നിമക്കളോടു
പോക്കുകണ്ട് മനം നൊന്ത്
തോറ്റു തുന്നം പാടാനായി
നമ്മള്‍ വന്നെത്തിയേടം

ചീറ്റപ്പുലി ചാട്ടക്കാരന്‍‍
ബോസിന്‍റെ
വേട്ടനോട്ടത്തിന്നിടയില്‍ പെട്ട്
ചീത്തവിളിയേറെ കേട്ട്
തോലിരിഞ്ഞ മാനത്തിന്
തുണിയുടുക്കുവാനായി
നമ്മള്‍ വന്നു കേറിയേടം

ഏച്ചുകെട്ടി നമ്മള്‍ ചുമന്ന
ഭാരമൊക്കെയും
ചില്ലുകുപ്പി സോഡപോല്‍
കാലിയായി വന്നു വീണേടം.....

വേച്ചുവേച്ച് നമ്മളിറങ്ങിയ
മാളങ്ങള്‍ കോലരക്കുരുക്കി
യൊഴിച്ചടയ്ക്കുവാന്‍ പോകുന്നു
കാട്ടുനീതി........കാട്ടുനീതി

നാട്യമാണിത്...വെറും നാട്യം
നമ്മളുമായി കൂട്ടുവട്ടം കൂടിയവര്‍‍
രാത്രിയിരുട്ടിവെളുക്കും മുമ്പേ
വാക്കുമാറ്റി..നോക്കുമാറ്റി
നമ്മളെ കല്ലെറിയുന്നു
കാട്ടുനീതി...കാട്ടുനീതി.....

ബാറു പൂട്ടുവാന്‍ പോകുന്നു...!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

( ബാറില്‍ നിന്നൊരു വിലാപകാവ്യമോ.....ദൈവമേ ഞാനെന്താണ് എഴുതുന്നത്....എന്നോടു പൊറുക്കേണമേ......!!)